‘ചോറും മീനും’ ഹോട്ടലിലെ കൂട്ടത്തല്ല്: അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു..!
കുറ്റിപ്പുറം ‘ചോറും മീനും’ റസ്റ്റോറന്റിൽ മീനിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന കൂട്ടയടിയിൽ അഞ്ചുപേർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. വൈരംകോട് സ്വദേശികളായ അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മീൻകറിയുടെ തുകയെച്ചൊല്ലി ഉപഭോക്താക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു.
തർക്കം തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെ സംഘം ക്രൂരമായി മർദിച്ചെന്നാണ് പരാതി. അക്രമത്തിൽ ജീവനക്കാരുടെ ചുണ്ടിനും താടിയെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു.
കേസിലെ പ്രതികൾ മുൻപും ഹോട്ടലിലെത്തി സമാനമായ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഉടമ വെളിപ്പെടുത്തി. ആക്രമണത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തകർന്നിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്.
അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ ഇരുവിഭാഗവും കയ്യേറ്റത്തിൽ പങ്കുള്ളതയാണ് കാണിക്കുന്നത്.
