രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്ന് ബലാത്സംഗ കേസുകളിൽ അന്വേഷണങ്ങൾ ഇഴയുന്നു; മൂന്ന് കേസുകളിൽ ഒന്നിൽ മാത്രം കുറ്റപത്രം
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്ന് ബലാത്സംഗ കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി റിപ്പോർട്ട്. മൂന്ന് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. മറ്റ് രണ്ട് കേസുകളിലും തുടർനടപടികൾ വൈകുകയാണ്.
തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിരലടയാള പരിശോധന, ഡിഎൻഎ പരിശോധന എന്നിവയുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ തുടരുകയാണ്. പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നത്. ഇതും അന്വേഷണത്തെ ബാധിക്കുന്ന ഘടകമായാണ് ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണം വേഗത്തിലാക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥരിൽ പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയതും തുടർനടപടികളെ ബാധിച്ചതായാണ് വിമർശനം. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും കേസുകൾ നീണ്ടുപോകാൻ കാരണമാകുന്നതായും വിമർശനമുയരുന്നു.
