NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിലെ ഉറക്കം കെടുത്തിയ മോഷണ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് ‘മൂർഖൻ പ്രദീപ്’ പോലീസ് പിടിയിൽ

പരപ്പനങ്ങാടി: അരിയല്ലൂർ, പരപ്പനങ്ങാടി, നെടുവ മേഖലകളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മാസങ്ങളായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. താനൂർ പുത്തൻതെരു മൂർക്കാടൻ ഹൗസിൽ പ്രദീപ് എന്ന ‘മൂർഖൻ പ്രദീപ്’ (47) ആണ് കഴിഞ്ഞ രാത്രി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസിന്റെ വലയിലായത്. കഴിഞ്ഞ രണ്ടു മാസമായി ഈ മേഖലകളിൽ വീടുകളുടെ പൂട്ടും ഓടും പൊളിച്ചുള്ള മോഷണങ്ങൾ വർദ്ധിച്ചിരുന്നത് പോലീസിനും നാട്ടുകാഴ്ക്കും ഒരുപോലെ തലവേദനയായിരുന്നു.
തുടർച്ചയായ മോഷണങ്ങൾ പ്രതിരോധിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്പി സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ, പരപ്പനങ്ങാടി സി.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ സിവില്‍ ഡ്രസ്സില്‍ ബൈക്കുകളില്‍ പെട്രോളിംഗ് നടത്താനായിരുന്നു പോലീസിന് നൽകിയിരുന്ന നിർദ്ദേശം.
കൂടാതെ, പ്രദേശത്തെ റസിഡൻഷ്യൽ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും പോലീസിനെ സഹായിക്കാനായി രംഗത്തിറങ്ങിയിരുന്നു. വാടക ക്വാർട്ടേഴ്സുകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് വ്യാപക അന്വേഷണമാണ് നടത്തിയത്. സെപ്റ്റംബർ 14-ന് പുലർച്ചെ നെടുവ സ്കൂളിന് സമീപത്തെ ഒരു വീടിന്റെ ഓട് പൊളിച്ച് അകത്തുകയറിയ പ്രതി, അലമാര തകർത്ത് പതിനായിരത്തോളം രൂപ കവർന്നിരുന്നു. ഈ സംഭവത്തെ തുടർന്ന് നടത്തിയ സി.സി.ടി.വി. പരിശോധനയാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി താനൂർ പുത്തൻതെരു സ്വദേശിയായ മൂർഖൻ പ്രദീപാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പ്രതി ട്രെയിൻ മാർഗ്ഗം എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പരപ്പനങ്ങാടി, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് കഴിഞ്ഞ രണ്ടു ദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി 11.10-ഓടെ ട്രെയിനിൽ പരപ്പനങ്ങാടിയിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടിയത്.
പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ ജയപ്രകാശ്, എസ്.ഐ വിമൽ കുമാർ, എ.എസ്.ഐ സലേഷ്, സി.പി.ഒമാരായ സാകിർ, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രദീപ് താനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയുമാണ്. ഇയാൾക്കെതിരെ മുൻപ് കാപ്പ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും, പാലക്കാട് ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടോയെന്നും വ്യാപകമായി അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!