NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നട്ടെല്ലില്‍ തറഞ്ഞ് ചില്ലുകഷണങ്ങള്‍; യുവതി 12 വര്‍ഷമായി സഹിച്ച വേദനക്ക് ആശ്വാസം

12 വര്‍ഷത്തോളം യുവതി സഹിച്ച നട്ടെല്ലിലെ കടുത്ത വേദനക്ക് ആശ്വാസമായി. വേദനയുടെ കാരണം കണ്ടെത്താന്‍ 44കാരിയായ കരുനാഗപ്പള്ളി സ്വദേശിനി മനു ഇക്കാലയളവില്‍ നടത്തിയ ചികിത്സക്കു കണക്കില്ല.

വെള്ളിയാഴ്ച വി പി എസ് ലേക്ഷോറില്‍ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയില്‍ യുവതിയുടെ നട്ടെല്ലില്‍ തറച്ചുകിടക്കുകയായിരുന്ന ഗ്ലാസ് കഷ്ണങ്ങള്‍ നീക്കം ചെയ്തു. മൂന്ന് സെന്റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങളാണ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ സ്പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ് സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. നടുവിന്റെ ഭാഗത്ത് നട്ടെല്ലിനോട് ചേര്‍ന്നാണ് ത്രികോണാകൃതിയിലുള്ള ഒരു കഷ്ണം ഉള്‍പ്പെടെ മൂന്ന് ഗ്ലാസ് കഷ്ണങ്ങള്‍ തറഞ്ഞു കിടന്നത്.

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍തൃസഹോദരിയുടെ വിവാഹ ചടങ്ങിനിടെയുണ്ടായ വീഴ്ചയില്‍ നട്ടെല്ലില്‍ തുളഞ്ഞു കയറിയതാണ് ഈ ഗ്ലാസ് കഷണങ്ങള്‍. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു മനു. ഗ്ലാസ് പതിച്ച ടീപ്പോയിലേക്കാണ് അവര്‍ വഴുതി വീണത്. ഗ്ലാസ് തകര്‍ന്നതോടെ കഷണങ്ങള്‍ നടുവില്‍ തുളച്ചുകയറി. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും എല്ലാ ഗ്ലാസ് കഷണങ്ങളും അന്ന് കണ്ടെത്തി പുറത്തെടുത്തിരുന്നില്ല. ഇതോടെ ചില കഷണങ്ങള്‍ ശരീരത്തിനുള്ളില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് ശക്തമായ വേദന അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും വീഴ്ചയില്‍ പറ്റിയ ക്ഷതമായിക്കാം കാരണം എന്നാണു കരുതിയത്.

കൃത്യമായ കാരണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മനുവിന് മാനസിക പ്രശ്നമാണെന്ന് കരുതിയവര്‍ പോലുമുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ താന്‍ അനുഭവിക്കുന്നത് ശക്തമായ ശാരീരിക വേദനയാണെന്ന നിലപാടില്‍ മനു ഉറച്ചുനിന്നു. കടുത്ത വേദന മനുവിന്റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഭര്‍ത്താവ് രാജീവ് പറഞ്ഞു.

രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൈകള്‍ ഉയര്‍ത്തുമ്പോള്‍ പോലും കടുത്ത വേദനയായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനും ജോലികളില്‍ ഏര്‍പ്പെടുന്നതിനും ബുദ്ധിമുട്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ താലൂക്ക് സപ്ലൈ ഓഫിസറായി ജോലി ചെയ്തിരുന്ന മനുവിന് ആരോഗ്യനില മോശമായതോടെ ഔദ്യോഗിക ചുമതലകള്‍ പോലും ശരിയായി നിര്‍വഹിക്കാനാകാത്ത സ്ഥിതിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അടുത്തിടെ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക സൂചന ലഭിച്ചത്. ട്യൂമറിന് സമാനമായ ഒരു സാധ്യത സംശയിച്ച ഡോക്ടര്‍മാര്‍ എം ആര്‍ ഐ പരിശോധന നിര്‍ദേശിച്ചു. തുടര്‍ന്ന് ഈ പരിശോധനാഫലങ്ങളുമായി മനു ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു.

പരിശോധനാഫലങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം ത്രിഡി സിടി സ്‌കാന്‍ നിര്‍ദേശിച്ചു.

അങ്ങനെയാണ് നട്ടെല്ലില്‍ കുടുങ്ങിക്കിടക്കുന്നത് ഗ്ലാസ് കഷണങ്ങളാണെന്ന് വ്യക്തമായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടു. കഴുത്തുവേദന ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ മനു അനുഭവിച്ചിരുന്നുവെന്നും അതിനാല്‍ മുന്‍കാല ചികിത്സകളില്‍ ഏറെയും കഴുത്തിന്റെ ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. റേഡിയോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരും ചികിത്സയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!