NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കളിച്ചുനടക്കുന്നതിനിടെ 4 വയസ്സുകാരൻ ജനശതാബ്ദിയിൽ കയറിപ്പോയി: സ്റ്റേഷനിൽ പരിഭ്രാന്തി; രക്ഷകരായി ടി.ടി.ഇയും ആർ.പി.എഫും കുഞ്ഞിനെ തിരൂരിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറി..!

കളിച്ചുനടക്കുന്നതിനിടെ നാല് വയസ്സുകാരൻ ജനശതാബ്ദി എക്‌സ്പ്രസിൽ കയറിപ്പോയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി. റെയിൽവേ ഉദ്യോഗസ്ഥരുടെയും ആർ.പി.എഫിന്റെയും ജാഗ്രതയോടുകൂടിയ ഇടപെടലിൽ കുഞ്ഞിനെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

പാനൂർ സ്വദേശികളായ കുടുംബം തലശ്ശേരിയിലേക്കുള്ള ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് പച്ചബനിയനിട്ട കുട്ടി പ്ലാറ്റ്‌ഫോമിൽ കുസൃതികാട്ടി നടന്നത്. ഇതിനിടെ മിഠായിക്കടലാസ് മാറ്റാൻ അമ്മ സമീപത്തെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോയ തക്കത്തിൽ, കുട്ടി അടുത്ത ട്രാക്കിൽ കിടന്നിരുന്ന തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്റെ കോച്ചിലേക്ക് കയറുകയായിരുന്നു.

 

കുട്ടി കയറിയ നിമിഷങ്ങൾക്കകം ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചെത്തിയ അമ്മ കുട്ടിയെ കാണാതെ കരഞ്ഞുനിലവിളിച്ചതോടെ ആർ.പി.എഫും റെയിൽവേ ജീവനക്കാരും സ്റ്റേഷനിൽ തിരച്ചിൽ ആരംഭിച്ചു.

അതിനിടെ, ജനശതാബ്ദിയിലെ ഡി 8 കോച്ചിലുണ്ടായിരുന്ന ടി.ടി.ഇയുടെ അടുക്കൽ യാത്രക്കാരിലൊരാൾ വാതിലിനടുത്ത് തനിച്ചുനിന്ന കുട്ടിയെ എത്തിച്ചു. കരഞ്ഞ കുട്ടിയെ പ്രതീഷും സീനിയർ സി.സി.ടി.സി സനൽ തോമസും ചേർന്ന് സമാധാനിപ്പിക്കുകയും ഉടൻ തന്നെ കമേഴ്‌സ്യൽ കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയും ചെയ്തു.

കോഴിക്കോട് സ്റ്റേഷനിൽ അനൗൺസ്‌മെന്റ് വന്നതോടെ കുട്ടി ട്രെയിനിലുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പിച്ചു. തുടർന്ന് സന്ദേശം ലഭിച്ചതനുസരിച്ച് തിരൂർ ആർ.പി.എഫ് എസ്.ഐ എൽ. ബിനുവും സംഘവും ട്രെയിൻ തിരൂരിലെത്തിയപ്പോൾ കുഞ്ഞിനെ ഏറ്റുവാങ്ങി.

തൊട്ടുപിന്നാലെയെത്തിയ കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ രക്ഷിതാക്കളും തിരൂരിലെത്തി. ആർ.പി.എഫ് ഓഫീസിൽ വെച്ച് സുരക്ഷിതമായി കുഞ്ഞിനെ കൈമാറിയതോടെ സന്തോഷത്തോടെ കുടുംബം തലശ്ശേരിയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!