NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ പുതിയ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു

തിരൂരങ്ങാടി  : കഴിഞ്ഞ പതിനൊന്ന് വർഷമായി സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്ന ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെയും പ്രഖ്യാപിത പദ്ധതികളുടെയും ഔദ്യോഗിക പ്രഖ്യാപനം നടന്നു.
 ചാർട്ടർ അംഗങ്ങളുടെയും മുൻ പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ തുടക്കം കുറിച്ച ക്ലബ്ബ്, ഗവൺമെന്റ് ഹോസ്പിറ്റലിലെ ലയൺസ് പാർക്ക്, സ്‌കൂളുകളിലെ സെൻസറിങ് പാർക്കുകൾ, തിമിര ചികിത്സാ ക്യാമ്പുകൾ തുടങ്ങി നിരവധിLegacy പ്രൊജക്റ്റുകൾ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ ഭാരവാഹികളായ പ്രസിഡന്റ് ആസിഫ് പത്തൂർ, സെക്രട്ടറി ജഹാംഗീർ എം.സി.സി, ട്രെഷറർ മുനീർ കൂർമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ സമഗ്രമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന പ്രവർത്തന വർഷത്തിൽ സമൂഹത്തിന്റെ നാനാതുറകളെ സ്പർശിക്കുന്ന പതിനാറോളം പുതിയ പ്രൊജക്റ്റുകളാണ് ക്ലബ്ബ് വിഭാവനം ചെയ്തിരിക്കുന്നത്. ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്ന ‘ഹോം ഓഫ് ഹോപ്’, സ്ത്രീകൾക്കായി സ്വയംതൊഴിൽ പരിശീലനവും സ്വയം പ്രതിരോധ ക്ലാസുകളും നൽകുന്ന ‘വുമൺസ് ലൈവ്ഹുഡ് ട്രെയിനിങ്’, ഡോ. ശ്രീ ബിജുവിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി അടിയന്തിര മെഡിക്കൽ പരിശീലനം നൽകുന്ന ‘ബി.എൽ.എസ് & ഫസ്റ്റ് എയ്ഡ് ട്രെയിനിങ്’ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രാദേശിക ക്ലബ്ബുകൾക്ക് എർജൻസി മെഡിസിൻ കിറ്റുകൾ വിതരണം ചെയ്യുക, ‘ക്ലീൻ വില്ലേജ് ക്യാമ്പയിൻ’, ചെമ്മാട് തൃക്കുളം യു.പി സ്കൂളിന് സ്മാർട്ട് ടിവി കൈമാറലും തിരൂരങ്ങാടി ഓർഫനേജ് സ്കൂളിൽ വൃക്ഷത്തൈ നടീലും, ആപത്ഘട്ടങ്ങളിൽ സേവനത്തിനായി ‘ലയൺസ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം’ രൂപീകരിക്കുക എന്നിവയും നടപ്പിലാക്കും.
ഇതോടൊപ്പം സമൂഹത്തിലെ അർഹരായവർക്കായി പുതിയ ജീവകാരുണ്യ പദ്ധതികളും ക്ലബ്ബ് ഏറ്റെടുക്കുന്നുണ്ട്. ചെമ്മാട് സിറ്റി പാർക്ക് ഹോട്ടലിന്റെ സഹകരണത്തോടെ അഞ്ച് പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം നൽകുന്ന ‘സീറോ ഹംഗർ പ്രൊജക്റ്റ്’, മുതിർന്ന പൗരന്മാർക്കായി ഡോ. സൈഫുദ്ദീൻ പത്തൂറിന്റെ നേതൃത്വത്തിലുള്ള ജെറിയാട്രിക് ക്ലിനിക്, എം.കെ.എച്ച് ഹോസ്പിറ്റലുമായി ചേർന്ന് വിദ്യാർത്ഥികൾക്കായുള്ള കാഴ്ച പരിശോധനാ ക്യാമ്പ്, ഡോ. സ്മിത ആനി, ഡോ. അനി പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള ദന്ത പരിശോധനാ ക്യാമ്പ് എന്നിവയും സജീവമാകും.
നാടിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഡി.ടി.പി.സി.യുടെ സഹകരണത്തോടെയുള്ള ‘വില്ലേജ് & ഹെറിറ്റേജ് ടൂറിസം പ്രോഗ്രാം’, ‘ലയൺസ് ഹാപ്പി വില്ലേജ് പ്രൊജക്റ്റ്’, കൊടിഞ്ഞി ഗ്രാമത്തിലേക്ക് പ്രവേശന കവാടം നിർമ്മിക്കൽ എന്നിവയും ഈ വർഷത്തെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടികളിൽ ലോകസമാധാനത്തിന്റെ സന്ദേശം വളർത്തുന്ന ലയൺസ് ഇന്റർനാഷണൽ ‘പീസ് പോസ്റ്റർ’ മത്സരവും പതിവുപോലെ ഈ വർഷവും വിദ്യാലയങ്ങളുടെ സഹകരണത്തോടെ തുടരുന്നതാണ്. സമൂഹത്തിന്റെ നന്മയ്ക്കായി കൈകോർക്കുന്ന ഊർസ്വലരായ അംഗങ്ങളുടെയും സുമനസ്സുകളുടെയും പിന്തുണയോടെ തിരൂരങ്ങാടി ലയൺസ് ക്ലബ്ബിന്റെ പുതിയ പ്രവർത്തനങ്ങൾ നാടിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.  വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ആസിഫ് പത്തൂർ, സെക്രട്ടറി ജഹാംഗീർ എം.സി.സി, ട്രെഷറർ മുനീർ കൂർമത്ത്, സിദ്ധീഖ് പനക്കൽ, ഡോ. സ്മിത ആനി, എം.എൻ. നൗഷാദ്, അബ്ദുൽ അമർ, നിസാമുദ്ധീൻ, എം.പി.സിദ്ധീഖ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ബി.ആർ.സി. യുടെ അധ്യാപിക വനജ ടീച്ചറെ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു.  പ്രസിഡന്റ് ആസിഫ് പത്തൂർ ഉപഹാരം നൽകി. ഡോ. സ്മിത ആനി ഷാളണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!