NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച  പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി 14.21 കോടി രൂപ ചെലവിൽ നവീകരിച്ച പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നാടിന് സമർപ്പിച്ചു.
രാജ്യത്തുടനീളം നവീകരിച്ച 75 സ്റ്റേഷനുകൾക്കൊപ്പം ഷൊർണൂർ-മംഗളൂരു ഇടനാഴിയിലെ തിരക്കേറിയ ഈ സ്റ്റേഷന്റെ ഉദ്ഘാടനവും നടന്നു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ശിലാഫലകം അനാഛാദനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ പി.എം.എ. സമീർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, നഗരസഭ ചെയർപേഴ്‌സൺ സുബൈദ ടീച്ചർ, കൗൺസിലർമാരായ ബിന്ദു ജയചന്ദ്രൻ, നിയാസ് പുളിക്കലകത്ത്, റെയിൽവേ നോഡൽ ഓഫിസർ ഡോ. ഡി. വിജയമാല, ഡിവിഷണൽ എൻജിനിയർ അവിനാഷ് മീണ  തുടങ്ങിയവർ സംസാരിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി വിപുലമായ വികസന പ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ പൂർത്തീകരിച്ചിരിക്കുന്നത്. നവീകരിച്ച സ്റ്റേഷൻ മുൻവശം, വിപുലമായ പാർക്കിങ്, ഡ്രോപ്പ്-ഓഫ് സൗകര്യങ്ങൾ, മെച്ചപ്പെട്ട സമീപന റോഡുകൾ, കാൽനട പാതകൾ, പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ വിപുലീകരിക്കുകയും പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എൽ.ഇ.ഡി സൈനേജുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ, ഊർജ്ജ-കാര്യക്ഷമമായ ലൈറ്റിംഗ്, ആധുനിക രീതിയിലുള്ള വിശ്രമമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കൂടാതെ ഭിന്നശേഷിക്കാർക്കായി പ്രത്യേക ദിവ്യാംഗജന സൗഹൃദ ആക്‌സസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!