NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു: വൻ നഷ്ടം; തൊഴിലാളികളെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി: കടലിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. ചെട്ടിപ്പടി സ്വദേശി കെ.സി. ഷാജു ലീഡറായ ‘തക്ബീർ’ എന്ന വള്ളമാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പരപ്പനങ്ങാടി ഹാർബറിന് സമീപം അപകടത്തിൽപ്പെട്ടത്. ഭാഗ്യവശാൽ, വള്ളത്തിലുണ്ടായിരുന്ന 32 തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

പുലർച്ചെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതായിരുന്നു വള്ളം. എന്നാൽ, ശക്തമായ കാറ്റും മഴയും കാരണം മീൻപിടുത്തം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഹാർബറിന്റെ പ്രവേശന മുഖത്ത് എത്തിയപ്പോൾ കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനെത്തിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. തെരച്ചിലിനൊടുവിൽ കടലിൽ അകപ്പെട്ടവരെ സുരക്ഷിതമായി കരക്കെത്തിച്ചു. മൂന്ന് പേർക്ക് ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിലെ തന്നെ ഖലീൽ എന്ന വള്ളം ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വള്ളം കെട്ടിവലിച്ച് കരക്കെത്തിച്ചത്.

വള്ളത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും, അതിലുണ്ടായിരുന്ന ഉപകരണങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വലകൾ കടലിൽ നഷ്ടപ്പെട്ടു. കൂടാതെ, വെള്ളം കയറി എൻജിനും തകരാറിലായി. ആകെ ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!