വിവാഹാഘോഷത്തിനിടെ സംഘർഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു
വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.
സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നിൽ എട്ടംഗസംഘമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മനുവിനെയും സഹോദരൻ ഷിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
കാട്ടാക്കടയിൽ നേരത്തെ നടന്ന പുസ്തകമേളയ്ക്കിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് വിവാഹസൽക്കാര വേദിയിലെ ആക്രമണമെന്ന് പൊലീസ് അറിയിച്ചു. അന്നുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് വീണ്ടും അക്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
