പരപ്പനങ്ങാടിയിൽ കിഡ്നി രോഗവ്യാപനം കണ്ടെത്താൻ സമഗ്ര ആരോഗ്യ സർവേ; ആശാപ്രവർത്തകർക്കും കൗൺസിലർമാർക്കും പരിശീലനം നൽകി
പരപ്പനങ്ങാടി : തീരദേശ മേഖലയിലെ കിഡ്നി രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിനെക്കുറിച്ച് പഠിക്കുന്നതിനായി മുൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി നഗരസഭയിൽ സമഗ്ര ആരോഗ്യ സർവേ ആരംഭിക്കുന്നു.
സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെയും ഡി.എം.ഓയുടെയും നേതൃത്വത്തിൽ നടത്തിയ പ്രാഥമിക യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.
രോഗവ്യാപനം തീരദേശത്ത് മാത്രമാണോ അതോ ജില്ലയിലാകെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി, നഗരസഭയിലെ 46 ഡിവിഷനുകളിലും നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ കൃത്യമായ കണക്കുകൾ ശേഖരിക്കും.
ഇതിനായി നെടുവ സി.എച്ച്.സി, പരപ്പനങ്ങാടി എഫ്.എച്ച്.സി, അർബൻ പി.എച്ച്.സി എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെയും സൂപ്പർവൈസറി സ്റ്റാഫിന്റെയും മേൽനോട്ടത്തിൽ ആശാപ്രവർത്തകർ, വാർഡ് കൗൺസിലർമാർ, ഫീൽഡ് സ്റ്റാഫ് എന്നിവർക്കായി നഗരസഭാ ഓഫീസിൽ വെച്ച് പ്രത്യേക ഗൂഗിൾ ഫോം അധിഷ്ഠിത വിവരശേഖരണ പരിശീലനം നൽകി.
തീരദേശത്തെ 11 വാർഡുകളിലെ വിവരങ്ങൾ മറ്റ് 6 വാർഡുകളിലെ നിരക്കുമായി താരതമ്യം ചെയ്ത് രോഗാവസ്ഥ കൂടുതലാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ തുടർന്ന് ശാസ്ത്രീയമായ വിപുല പഠനങ്ങളിലേക്ക് കടക്കുകയുള്ളൂ.
കിഡ്നിരോഗമുള്ളവർ കൃത്യമായി സർവേയുമായി സഹകരിക്കണമെന്നും, രോഗബാധിതർ തങ്ങളുടെ വിവരങ്ങൾ ആശാപ്രവർത്തകരെയോ വാർഡ് കൗൺസിലർമാരെയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു
മഞ്ചേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഹെഡ് ഡോ. പ്രിയ വിഷയാവതരണം നടത്തി.
നഗരസഭാ ഉപാധ്യക്ഷൻ കെ. ഷമീം. കൗൺസിലർമാരായ ഉസ്മാൻ, നൗഷാദ് മറ്റു കൗൺസിലർ, മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. സജിന, ഹെൽത്ത് ഇൻസ്പെക്ടർ സബിത എന്നിവർ സംസാരിച്ചു.
