‘കീരനല്ലൂർ മാരത്തോൺ സീസൺ – 2’ ഞായറാഴ്ച ; പരപ്പനങ്ങാടിയിൽ ലഹരിക്കെതിരേ വാഹനപ്രചാരണ ജാഥ നടത്തി
പരപ്പനങ്ങാടി:ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യവുമായി ‘ഓടാം രാസലഹരി മുക്ത നാടിനായ്’ എന്ന സന്ദേശമുയർത്തി പാലത്തിങ്ങൽ ബി-ടീം സൗഹൃദവേദി സംഘടിപ്പിക്കുന്ന ‘കീരനല്ലൂർ മാരത്തോൺ സീസൺ – 2’ ഞായറാഴ്ച നടക്കും.
മാരത്തോണിൻ്റെ പ്രചാരണാർഥം “ലഹരിയോട് നോ പറയാം… നാടിന്റെ നന്മക്കായി നമുക്ക് ഒരുമിക്കാം” എന്ന പ്രഖ്യാപനവുമായി പാലത്തിങ്ങൽ ബി – ടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
ചെയർമാൻ ഡോ.എം.എ കബീർ നയിച്ച ജാഥ പുത്തൻകടപ്പുറം ഫിഷ് ലാൻഡിങ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ പി.സുബൈദ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. സലാം പരപ്പനങ്ങാടി അധ്യക്ഷനായി.
നഗരസഭ കൗൺസിലർ ദേവൻ ആലുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് പാലത്തിങ്ങൽ, അബ്ദുൽ അസീസ് പന്താരങ്ങാടി, മുജീബ് കോഴിശ്ശേരി സംസാരിച്ചു.
ചാപ്പപ്പടി ഹാർബർ പരിസരം, ആലുങ്ങൽബീച്ച്, ചെട്ടിപ്പടി ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നാടകം, പാട്ട്, ബോധവൽക്കരണ പ്രഭാഷണം എന്നിവയും നടന്നു. വിവിധ സ്ഥലങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സംസാരിച്ചു.
സമാപന സംഗമം നഗരസഭ വൈസ് ചെയർമാൻ കെ.ഷമിം ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസർ ബിജു മുഖ്യപ്രഭാഷണം നടത്തി.
നിയാസ് പുളിക്കലകത്ത്, ജാഥാ ക്യാപ്റ്റൻ ഡോ.എം.എ കബീർ സംസാരിച്ചു. പാലത്തിങ്ങൽ ബി-ടീം സൗഹൃദ കൂട്ടായ്മയുടെയും പരപ്പനാട് എമർജൻസി ടീമിൻ്റെയും ഭാരവാഹികൾ നേതൃത്വം നൽകി.
