വിജയ ത്തിളക്കത്തിൽ ഒരുമിച്ച് : എസ്.എസ്.എൽ.സി പരീക്ഷയിൽ അപൂർവ നേട്ടവുമായി മൂന്ന് സഹോദരിമാർ
പരപ്പനങ്ങാടി : ഒരുമിച്ച് ജനിച്ച്, ഒരേ വിദ്യാലയമുറ്റത്ത് അറിവുനുകർന്ന മൂന്ന് സഹോദരിമാർക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിളക്കം.
പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ മാളിയേക്കൽ മാരാത്തൊടി മിൻഹ, മിസ്ബ, മിസ്ന എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കി നാടിന്റെയും വിദ്യാലയത്തിന്റെയും മണിമുകുടങ്ങളായി മാറിയത്.
ഉള്ളണം തയ്യിലപ്പടിയിലെ മാളിയേക്കൽ മാരാത്തൊടി നൗഷാദ് – സജീന ദമ്പതികളുടെ മക്കളായ ഈ മൂവർസംഘം, ഒരേ പ്രസവത്തിൽ ജനിച്ചവർ എന്നതിലുപരി പഠനത്തിലും ഒരേപോലെ മികവുപുലർത്താം എന്ന് തെളിയിച്ചാണ് ഈ അപൂർവസുന്ദര നേട്ടം കൊയ്തെടുത്തത്.
പ്രൈമറി തലത്തിൽ മൂവർക്കും എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചിരുന്നതിനൊപ്പം മിസ്ന യു.എസ്.എസ് സ്കോളർഷിപ്പും കരസ്ഥമാക്കിയിരുന്നു.
കൂടാതെ, ഓൾ കേരള ഇന്റഗ്രേറ്റഡ് സ്കോളർഷിപ്പ് പരീക്ഷയിൽ 80 ശതമാനത്തിലേറെ മാർക്ക് നേടി തങ്ങളുടെ അക്കാദമിക മികവ് നേരത്തെ തന്നെ തെളിയിച്ചവരാണ് ഈ സഹോദരിമാർ.
