ചികിത്സാ ചെലവ് നിഷേധിച്ചു: 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനിയോട് ജില്ലാ ഉപഭോക്തൃ കമ്മീഷന്
കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷൂറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് 5,35,000 രൂപ നല്കാന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്. താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്റെ പേരില്‍ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണുണ്ടായിരുന്നത്.
ആലുവ രാജഗിരി ആശുപത്രിയില്‍ കരള്‍ സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇന്‍ഷൂറന്‍സിന് അര്‍ഹതയില്ലെന്നും കമ്പനി അറിയിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുക അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
രേഖകള്‍ പരിശോധിച്ച കമ്മീഷന് രോഗ കാരണം ആല്‍ക്കഹോളിസമല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമായി സാക്ഷ്യപ്പെടുത്തിയതിനാല്‍ ഇന്‍ഷൂറന്‍സ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് തുക അഞ്ചുലക്ഷവും സേവനത്തിലെ വീഴ്ചക്ക് 25,000/ രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന് ഉത്തരവിട്ടു.
