19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 993 രൂപ; നാളെ ഹോട്ടലുകളും ബേക്കറികളും അടച്ചിടും..!
പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (തിങ്കളാഴ്ച) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിട്ടും ഓൺലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കും.
19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവ ശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ്സ് അസോസിയേഷൻ.
കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്രസർക്കാർ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതിയ നിരക്ക് പ്രകാരം കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപ എന്നിങ്ങനെയാണ് വില.
അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിരുന്നു. 261 രൂപയാണ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത്. യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും ബാധിച്ച അതേസമയത്താണ് കേന്ദ്ര വിലവർധനവും നടത്തുന്നത്.
