NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ട്രെയിനിന് മുകളിലേക്ക് ഇടിഞ്ഞുവീണു; ട്രൈനുകൾ വൈകി; ഒഴിവായത് വൻ ദുരന്തം..!

 

നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേ പാതയിൽ തുവ്വൂർ കമാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മുകളിലേക്കാണ് പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണത്.

 

അപകടസമയത്ത് ട്രെയിൻ സാവധാനത്തിലായിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അപകടത്തെത്തുടർന്ന് ട്രാക്കിലേക്ക് മണ്ണും കല്ലുകളും വലിയ തോതിൽ ഇടിഞ്ഞുവീണതോടെ നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു.

 

അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ മെമു ട്രെയിനിന്റെ മുകൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. രാജ്യറാണി രണ്ടര മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.

റെയിൽവേ പാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് മാത്രം നിർമ്മിച്ച സംരക്ഷണഭിത്തിയാണ് തകർന്നു വീണത് എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം.

റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *