NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് വിൽപ്പന നടത്തുന്നതായി പരാതി : വള്ളിക്കുന്ന് സ്വദേശിക്കെതിരെ കേസെടുത്തു.

പരപ്പനങ്ങാടി : ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തുന്നുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
രാമനാട്ടുകര സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി.
സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയ ശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽപന നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്.
പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു. എന്നാൽ കേസ്സെടുത്ത് ഒരാഴ്ചയിലേറെയായിട്ടും യുവാവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവും ശക്തമാണ്.
പ്രതി തങ്ങളുടെ നിരീക്ഷണത്തിൽ ഉണ്ടെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താലേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നാണ്  പോലീസ് പറയുന്നത്. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും മറ്റും  പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് തീരുമാനം.
നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സ്വദേശിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകമറിഞ്ഞത്.
ടെലിഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *