കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; വൻ നാശനഷ്ടങ്ങള്‍
കലിതുള്ളി കാലവര്‍ഷം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തി.
അതേസമയം വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.
