പാമ്പുകടിയേറ്റാൽ ജീവൻ രക്ഷിക്കാൻ കനിവ് 108; മുറിവ് മുറുക്കിക്കെട്ടരുത്, നടത്തുകയും ചെയ്യരുത്; പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ..!
SNAKE
പാമ്പുകടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സയും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാൻ ‘കനിവ് 108’ ആംബുലൻസ് സേവനം സജ്ജമാണെന്ന് ആരോഗ്യവകുപ്പ്. പാമ്പുകടിയേറ്റാൽ സമയം ഒട്ടും പാഴാക്കാതെ ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിൽ രോഗിയെ എത്തിക്കുകയാണ് പ്രധാനം.
നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ ഈ ചികിത്സ ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക്, ജില്ലാ ആശുപത്രികളിൽ വരെ ആന്റിവെനം സ്റ്റോക്കുണ്ട്.
ആവശ്യമുള്ളവർ ഉടൻ തന്നെ 108 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണം. ആംബുലൻസിലെ പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ വഴി രോഗിക്ക് പ്രാഥമിക ശുശ്രൂഷയും കൃത്യമായ നിരീക്ഷണവും ഉറപ്പാക്കാൻ സാധിക്കും. ആന്റിവെനം ലഭ്യമായ ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന് 108 സംഘം ഉറപ്പുവരുത്തുകയും, രോഗി എത്തുന്ന വിവരം മുൻകൂട്ടി ആശുപത്രിയെ അറിയിക്കുകയും ചെയ്യും.
പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ആംബുലൻസ് വരുന്നത് വരെ 108 ടീം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
* കടിയേറ്റ വ്യക്തിയെ യാതൊരു കാരണവശാലും ഭയപ്പെടുത്തരുത്.
* ഭയമുണ്ടായാൽ രക്തചംക്രമണം വേഗത്തിലാവുകയും വിഷം ശരീരത്തിൽ വേഗത്തിൽ പടരുകയും ചെയ്യും.
* കടിയേറ്റ ഭാഗം ഒട്ടും അനക്കാതിരിക്കാൻ ശ്രദ്ധിക്കണം.
* രോഗിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്.
* സ്ട്രെച്ചറിലോ മറ്റോ കിടത്തി വേണം വാഹനത്തിലേക്ക് മാറ്റാൻ.
* മുറിവിനു മുകളിൽ അമിതമായി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കണം.
അശാസ്ത്രീയമായ ചികിത്സാ രീതികൾക്കായി സമയം കളയാതെ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ജീവൻ രക്ഷിക്കാൻ ഏക മാർഗ്ഗമെന്ന് ആരോഗ്യവകുപ്പ്.
