ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂം എടുത്ത് താമസിച്ച് എംഡിഎംഎ വിൽപന; സംഘം പിടിയിൽ
കോഴിക്കോട് നഗരത്തിലെ ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ വൻതോതിൽ ലഹരിമരുന്നു വിൽപന നടത്തിവന്ന രണ്ടു യുവാക്കളും യുവതിയും അടങ്ങുന്ന സംഘം പൊലീസ് പിടിയിൽ. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് 108.28 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്.
ബേപ്പൂർ തമ്പി റോഡ് അയോധ്യ ഹൗസിൽ കെ.വി.അമൽ കുമാർ (30), പയ്യാനക്കൽ പുളിക്കൽതൊടി ദിയ മിർഷ വീട്ടിൽ എ.ടി.ഷാഹുൽ ഹമീദ് (26) പെരുവണ്ണാമുഴി ആവടുക്ക പന്തിരിക്കര മീത്തൽ വീട്ടിൽ കമ്യക റീജു(21) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
കുറച്ചു ദിവസങ്ങളായി ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തി ലായിരുന്നു. ഇതിനിടയിലാണ് ഇരിങ്ങാടൻ പള്ളിക്കു സമീപമുളള എന്ന ലോഡ്ജിൽ നിന്ന് പ്രതികൾ പിടിയിലായത്. അവധിക്കാലവും മറ്റും കണക്കിലെടുത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ച എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്. പിടിയിലായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ട ആളാണ്.
ഈ മാസം 17 മുതൽ ഇരിങ്ങാടൻ പള്ളിക്കു സമീപമുള്ള ലോഡ്ജിൽ താമസിച്ചുവന്ന ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് അമൽ ധരിച്ച ട്രാക്ക് സ്യൂട്ടിൽ രണ്ട് പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ഷാഹുൽ ഹമീദ് ധരിച്ച കാർഗോ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു പ്ലാസ്റ്റിക് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച എംഡിഎംഎയും പിടികൂടി.
രാമനാട്ടുകര സ്വദേശിയായ ഹബീബ് എന്ന ആളിൽ നിന്ന് രണ്ടര ലക്ഷം രൂപയ്ക്ക് 125 ഗ്രാം എംഡിഎംഎ വാങ്ങിയിരുന്നതായും ഷാഹുൽ ഹമീദിനെയും ഗഫൂർ എന്നു പേരുള്ള മറ്റൊരാൾ വഴിയും ഇത് ചില്ലറ വിൽപന നടത്തി വരികയായിരുന്നുവെന്നും രാഹുൽ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
10 ഗ്രാം എംഡിഎംഎ 25,000 രൂപയ്ക്ക് വിൽപന നടത്തിയതായും പ്രതികൾ സമ്മതിച്ചു. അമലിന്റെ പേരിൽ മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി ലഹരിമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യം കഴിച്ചതിനും മദ്യപിച്ചു വാഹനം ഓടിച്ചതിനുമായി പന്ത്രണ്ടോളം കേസുകളുണ്ട്.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ റൂം എടുത്ത് താമസിച്ച് എംഡിഎംഎ ചെറിയ പാക്കറ്റുകൾ ആക്കി വിൽപന നടത്തുന്നതാണ് അമലിന്റെ രീതി. ഇവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂർ പൊലീസ് പരിശോധിക്കുകയാണ്.
ഇവരിൽ നിന്ന് മറ്റു ചില ലഹരി വിൽപനക്കാരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ചേവായൂർ പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയാണ്.
ഡാൻസാഫ് എസ്ഐ മനോജ് എടയടത്ത്, എഎസ്ഐ കെ.അഖിലേഷ്, എസ്‌സിപിഒ സുനോജ്, സിപിഒമാരായ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത്, ചേവായൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ വി.കെ.ഏലിയാസ്, എ.വി.ബിജു, എഎസ്ഐ മാരായ, ഇ.ജമീല, എം.വി.ജയശ്രീ, സിപിഒമാരായ പി.ശ്രുതി, ഫസൽ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.
