ജില്ലയിൽ ജനവിധി പുരോഗമിക്കുന്നു;; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര, ആത്മവിശ്വാസത്തിൽ മുന്നണികൾ; ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകി..!
ആവേശകരമായ പ്രചാരണങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തന്നെ മിക്ക പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. കൊടുംചൂടിനെ അവഗണിച്ചും വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് ഒഴുകുകയാണ്.
പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങുന്നത് വൈകാൻ കാരണമായി. വള്ളിക്കുന്ന് മണ്ഡലത്തിലെ പൊറ്റമ്മൽമാട് 94-ാം ബൂത്തിൽ (പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസ) മോക് പോളിംഗ് സമയത്ത് തന്നെ മെഷീൻ തകരാറിലായി. ഇതോടെ ഇവിടെ വോട്ടെടുപ്പ് നിശ്ചയിച്ച സമയത്ത് തുടങ്ങാനായില്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ജില്ലയിലെ മറ്റ് ചില ബൂത്തുകളിലും സമാനമായ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റെക്കോർഡ് ഭൂരിപക്ഷത്തോടെ ജില്ലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. “യു.ഡി.എഫ് ഫൈനലിൽ ഗോളടിച്ചുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിൽ മികച്ച വിജയം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. പ്രീപോൾ സർവ്വേ ഫലങ്ങളെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി. ശശികുമാർ വ്യക്തമാക്കി.
