പൊലീസുകാരനെ മർദിച്ച കേസ്; 2 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
തിരുവനന്തപുരം : സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മാളിൽ പിന്തുടർന്ന് മർദിച്ച സംഭവത്തിൽ പിടിയിലായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം. എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മിഥുൻ റോയിയെ (33) മർദിച്ച വിനയ്, സുർജിത് എന്നീ എസ്എഫ്ഐ പ്രവർത്തകർക്കാണു ജാമ്യം ലഭിച്ചത്. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ നേരത്തേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റർ ചെയ്തിരുന്നു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിലായിരുന്നു കേസ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയായിരുന്നു വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിൽ സഹോദരിക്കൊപ്പം എത്തിയപ്പോഴാണ് മിഥുൻ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും നടന്നിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാർ ലാത്തിവീശി. ഇതിൽ ചില എസ്എഫ്ഐ പ്രവർത്തകർക്കു പരുക്കേറ്റതായി ആരോപണമുയർന്നു. ഇതിന്റെ പ്രതികാരമായാണു ശനിയാഴ്ച മിഥുനെ സംഘം ചേർന്ന് ആക്രമിച്ചത്.
മാളിൽ മിഥുന്റെ പിന്നാലെ നടന്ന് അസഭ്യം പറയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതുമായ വിഡിയോ എസ്എഫ്ഐ പ്രവർത്തകർ തന്നെ റിക്കോർഡ് ചെയ്തിരുന്നു. പലതവണ മിഥുനെ പിടിച്ചു തള്ളുന്നതും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിപ്പട്ടികയിലുള്ള എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ചവിട്ടി വീഴ്ത്തുന്നതും കാണാം. പുറത്തു വന്ന സിസിടിവി ദൃശ്യത്തിലും എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നത് വ്യക്തമാണ്. എന്നിട്ടും പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ ദൃശ്യങ്ങളിൽ മിഥുനും സഹോദരിയും ആയുധം ഉപയോഗിക്കുന്നതായും കാണുന്നില്ല.
പേട്ട ചായക്കുടി സ്വദേശി വിനയ്പ്രകാശിന്റെ പരാതിയിലാണ് മിഥുനും സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തത്. മിഥുൻ ശംഖുമുഖത്ത് വച്ച് ലാത്തി കൊണ്ട് അടിച്ചതിൽ കമ്മിഷണർക്ക് നൽകിയ പരാതി പിൻവലിക്കാത്ത വൈരാഗ്യമാണെന്നാണു പരാതിയിലുള്ളത്. ശംഖുമുഖത്തെ സംഭവത്തിനു ശേഷം മിഥുൻ മെഡിക്കൽ അവധിയിലായിരുന്നു.
