വിസ തട്ടിപ്പ് കേസിൽ യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ
പരപ്പനങ്ങാടി: വിസ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ പരപ്പനങ്ങാടി പോലീസ് മാഹിയിൽ നിന്ന് പിടികൂടി. പിണറായിയിലെ കുന്നുമ്മൽ ഇംറാൻ (25) ആണ് പിടിയിലായത്.
പരപ്പനങ്ങാടി സ്വദേശിയായ ടി.വി അർഷിദിൽ നിന്ന് സ്ലോവാക്യയിൽ ജോലിക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റൊരാൾ മുഖേനയാണ് ഇംറാൻ പണം തട്ടിയത്.
മൊത്തം കാര്യങ്ങൾ തിരുവനന്തപുരത്തെ അജീഷ് ആണ് ചെയ്യുന്നതെന്ന് പറഞ്ഞാണ് ഇംറാൻ പണം വാങ്ങിയത്. അർഷിദിൽ നിന്ന് 20000 രൂപയാണ് വാങ്ങിയത്. പിന്നീട് അർഷിദിൻ്റെ സുഹൃത്തുക്കളായ ഇസ്ഹാഖ്, ശബീറലി എന്നിവരിൽ നിന്നും ഇതേ തുക വീതം വാങ്ങി നൽകി.
ആകെ 60000 രൂപ ഇംറാനും അജീഷും തട്ടിയ ശേഷം ഫോൺ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു.
ഇതേ തുടർന്ന് പോലിസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇംറാൻ മാഹിയിൽ ഹോട്ടൽ നടത്തുകയാണെന്ന് കണ്ടെത്തി ജോലി സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി സി.ഐ വിനോദ് വലിയാട്ടൂർ, എസ്.ഐ വിജയൻ, എസ്.സി.പി.ഒ സാൻ സോമൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
