വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; മറ്റു മൂന്ന് പേർക്കും കടിയേറ്റു..!
പ്രതീകാത്മക ചിത്രം
ഒതുക്കുങ്ങലിൽ മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.
പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ തെരുവ് നായ, മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. വീട്ടുകാർ നായയെ ഓടിച്ചു വിട്ടു.
കുഞ്ഞിന് പുറമെ പ്രദേശത്തെ മറ്റ് രണ്ടുപേർക്കും ഇതേ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ഇവർക്കും പ്രാഥമിക ചികിത്സ നൽകി.
പ്രദേശത്ത് തെരുവ് നായ ശല്യം കടുത്ത രീതിയിൽ നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വീടിനകത്ത് പോലും കുട്ടികൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും, അധികൃതർ അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ നായകളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
