NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഖഫ് ബോർഡ് ബില്ലിൽ ലോക്സഭയിൽ ചൂടേറിയ ചർച്ച; നിയമ ഭേദഗതിയെ ശക്തമായി എതിർത്ത് പ്രതിപക്ഷം

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ലോക്സഭയിൽ ചൂടേറിയ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിക്കാൻ ലോക്സഭയിൽ അനുമതി തേടിയത്. ബില്ലിനെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും എതിർത്തു.

 

ച‍ർച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മിൽ രൂക്ഷമായ ത‍ർക്കവും സഭയിൽ നടന്നു. ബിൽ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ എൽജെപി ആവശ്യപ്പെട്ടു. ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

 

അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയിൽ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ബിൽ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് വിമർശിച്ചായിരുന്നു സമാജ് വാദി പാർട്ടി രംഗത്ത് വന്നത്. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ബിൽ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും പറ‌ഞ്ഞു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജൻ ലല്ലൻ സിംഗ് സ്വീകരിച്ചത്. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു.

 

ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തിൽ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയും സുപ്രിയ സുലെ ഉയർത്തിയെങ്കിലും അത് അന്വേഷിക്കലല്ല തൻ്റെ ജോലിയെന്ന് സ്പീക്കർ ഓം ബിർള രൂക്ഷ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *