NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ ; എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും

തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ  വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷംമുതൽ ഓൾ പാസ് സമ്പ്രദായം നിർത്തി മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

2024 മെയ്‌ 28-ന് എസ് സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ളേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി.

 

അക്കാദമിക മികവ് ഉയർത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നത് ഉറപ്പുവരുത്തേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകി ആ വിഷയത്തിൽ പുന:പരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാവുന്നതുമാണെന്നും നിർദ്ദേശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *