NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട്ടെ വ്യാപാര പ്രമുഖനിൽ നിന്ന് ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ്; ഇടപാടുകൾ നടത്തിയതു വിവിധ നഗരങ്ങളിലെ ബാങ്കുകൾ വഴി

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കോഴിക്കോട്ടെ വ്യാപാര പ്രമുഖനിൽ നിന്നു ക്രിപ്റ്റോ കറൻസിയുടെ പേരിൽ മൂന്നു കോടിയോളം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത സംഭവത്തിൽ പണം ഇടപാടു നടത്തിയ ബാങ്കുകൾ സൈബർ പൊലീസ് കണ്ടെത്തി.

 

മുംബൈ, ഡൽഹി, ഹൈദരാബാദ്, കേരളം എന്നിവിടങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 9 ബാങ്കുകൾ വഴിയാണ് പണം വിവിധ കേന്ദ്രങ്ങളിലേക്കു അയച്ചതെന്നു അന്വേഷണ സംഘം പറഞ്ഞു.

 

കൂടുതൽ അന്വേഷണത്തിനായി അടുത്ത ആഴ്ച പൊലീസ് ഡൽഹിയിലെത്തും. വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് 62 ദിവസം കൊണ്ടു പല തവണയായി പണം തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചത്.

 

കഴിഞ്ഞ മേയിൽ വ്യാപാരിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവ് ഇയാളിൽ നിന്നു ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസത്തിനിടയിലാണ് 2.88 കോടിയോളം രൂപ തട്ടിയെടുത്തത്. മലപ്പുറം സ്വദേശിയും കോഴിക്കോട് നഗരത്തിൽ താമസക്കാരനുമായ വ്യാപാര പ്രമുഖനുമായി ഇൻസ്റ്റഗ്രാം വഴിയാണ് തട്ടിപ്പ് സംഘം ആദ്യം പരിചയപ്പെട്ടത്.

 

പിന്നീട് പരിചയം സജീവമാക്കി വ്യാപാരിയെ ടെലിഗ്രാം ഗ്രൂപ്പിൽ പ്രവേശിപ്പിച്ചു. ഇതുവഴി പണം നിക്ഷേപിക്കാൻ വിവിധ മേഖലകൾ ഉണ്ടെന്നു പരിചയപ്പെടുത്തുകയും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയാകുമെന്നും ധരിപ്പിച്ചു. ഇതോടെ വ്യാപാരിയെ നിയന്ത്രണത്തിലാക്കിയ തട്ടിപ്പു സംഘം ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട രണ്ടു ടെലിഗ്രാം ഗ്രൂപ്പിൽ കൂടി വ്യാപാരിയെ ഉൾപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

 

ക്രിപ്റ്റോ നിക്ഷേപ വെബ്സൈറ്റിൽ ചേർത്താണ് പണം നിക്ഷേപിച്ചത്.നിക്ഷേപ തുക ഇരട്ടിയായി മാറുന്നതു കണ്ടു വീണ്ടും നിക്ഷേപിക്കുകയായിരുന്നു. തുടർന്നു 2 കോടി 88 ലക്ഷം നിക്ഷേപിച്ചതിൽ വെബ്സൈറ്റിൽ കോടികളുടെ നിക്ഷേപം കൂടിയതായി കണ്ടു.

ഈ പണം പിൻവലിക്കാൻ വ്യാപാരി അപ്രൂവൽ നൽകിയെങ്കിലും കോടികളുടെ വർധനയുടെ നികുതിയായി 20% കൂടി അടയ്ക്കാൻ തട്ടിപ്പു സംഘം ഓൺലൈൻ വഴി ആവശ്യപ്പെട്ടു. എന്നാൽ സംശയം തോന്നിയതിൽ പിന്നീട് നിക്ഷേപം നടത്തിയില്ല. തട്ടിപ്പു മനസ്സിലായ വ്യാപാരി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്കു പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *