മികച്ച ബാലനടനുള്ള ജെ.സി. ഡാനിയൽ ചലച്ചിത്ര പുരസ്‌കാരം ആത്രേയ് ബൈജുരാജിന്.
ആത്രേയ് ബൈജുരാജ്
പരപ്പനങ്ങാടി : മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രകാരൻ ജെ.സി. ഡാനിയേലിന്റെ സംഭാവനകളെ സ്മരിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ 14-ാമത് ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലനടനായി തിരഞ്ഞെടുക്കപ്പെട്ടത് പരപ്പനങ്ങാടി സ്വദേശി.
പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആത്രേയ് ബൈജുരാജാണ് മികച്ച ബാലനടനുള്ള പുരസ്‌കാരത്തിന് അർഹനായി പരപ്പനങ്ങാടിയുടെ താരമായത്.
‘മോ മോ ഇൻ ദുബായ്’ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ആത്രേയ് ബൈജുരാജിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനുപുറമെ ജാക്സൺ ബസാർ യൂത്ത്, ജാനകി ജാനെ എന്നീ സിനിമകളിലും ആത്രേയ് അഭിനയിച്ചിട്ടുണ്ട്. പുത്തരിക്കൽ അശ്വനേത്രേയത്തിൽ ഡോ. ബൈജു രാജന്റെയും, ജിഷയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. സഹോദരൻ അശ്വിൻ.
അവാർഡ് പ്രഖ്യാപനം വന്നയുടൻ സി.എസ്.ഐ കോർപറേറ്റ് മാനേജർ റവ: സുനിൽ പുതിയാട്ടിൽ സ്കൂളിലെത്തി കുട്ടിയെ അഭിനന്ദിച്ചു. സഹപാഠിക്ക് ലഭിച്ച പുരസ്‌കാര നേട്ടത്തിന്റെ സന്തോഷത്തിലാണ് പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും.
