പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി.
പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെ എം റോഡ് വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ കൃത്യം നടത്തിയ ശേഷം കൂടി രക്ഷപ്പെട്ടു . പോലീസ് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
സംശയ രോഗത്തെ തുടർന്നാണ് കോയ ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ആണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കുളികഴിഞ്ഞ് ഇറങ്ങിവരുന്നതിനിടെയാണ് കോയ ഭാര്യയെ കൊലപ്പെടുത്തിയത്. ഇവരുടെ നെഞ്ചിൽ കുത്തുകയും ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു.
ഇവരുടെ കുട്ടികളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നാട്ടുകാർ ഈ ക്രൂരമായ കൊലപാതക വിവരം അറിയുന്നത്. ഉടൻ ഓടിയെത്തിയ നാട്ടുകാർ സുലേഖയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോയക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് . കോയയുടെ സംശയരോഗത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. കോയയ്ക്കും സുലേഖയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്.
