അങ്കമാലിയിലെ ആശുപത്രിക്കുള്ളില്‍ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍
എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിക്കുള്ളില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ സംസാരിച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.
ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ആശുപത്രിയുടെ നാലാം നിലയിലാണ് കൊലപാതകം ഉണ്ടായത്. കൂട്ടിരിപ്പുകാര്‍ അടക്കം ഗ്ല്യൂക്കോസ് സ്റ്റാന്‍ഡ് ഉപയോഗിച്ച് മഹേഷിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്തു.
