NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുത്തൊഴുക്കുള്ള വെളളത്തിൽ സഞ്ചാരികളുടെ നീരാട്ട്: അപകടം കാത്ത് പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശം

പരപ്പനങ്ങാടി : പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് ഒഴിവു സമയം ചിലവഴിക്കാൻ
സഞ്ചാരികളായെത്തുന്നവർ കുത്തൊഴുക്കുള്ള വെളളത്തിൽ നീരാടുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ.
കടലുണ്ടിപ്പുഴ ഒഴുകിയെത്തി
പൂരപ്പുഴയിലേക്ക് കുത്തിയൊഴുകുന്ന കീരനല്ലൂർ ന്യൂകട്ട് പുഴയിൽ ചാടി കുളിക്കാൻ ഏറെപേർ എത്തുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ആശങ്ക വർധിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞ പ്രദേശമാണ് ന്യൂ കട്ടിലെ ഈ വെള്ളപ്പാച്ചിൽ. ഞായാറാഴ്ചകളിൽ വൻ തിരക്കാണ് ഇവിടെ ഉണ്ടാവാറുള്ളത്.
പരപ്പനങ്ങാടി, താനൂർ നഗരസഭകളെ ബന്ധിപ്പിക്കുന്ന ചെറിയ നടപാലത്തിന് മുകളിൽ നിന്ന് കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്ത് ചാടുന്ന സാഹസികത നിറഞ്ഞ കുളിയാണ് നടക്കുന്നത്.
 ഞായറാഴ്ച ഇത്തരത്തിൽ ചാടിയ രണ്ട് പേരെ ഒഴുക്കിൽ പെട്ടതിനെ തുടർന്ന് മീൻപിടുത്ത തോണിക്കാരാണ് രക്ഷപ്പെടുത്തിയത്. കുടുംബങ്ങളുമായെത്തുന്നവർ ചെറിയ കുട്ടികളെപ്പോലും ഇത്തരത്തിൽ കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറക്കി കളിപ്പിക്കുന്നതും നിത്യകാഴ്ചയാണ്. ഒന്ന് പിടിവിട്ടു പോയാൽ ഒഴുക്കിൽപ്പെടുമെന്ന കാര്യം നാട്ടുകാർ ബോധ്യപ്പെടുത്തിയാലും പലരും അതൊന്നും ഗൗനിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തെപറ്റി മുന്നറിയിപ്പ് നൽകുന്ന നാട്ടുകാരെ മർദ്ദിക്കുന്നതടക്കം നടക്കുന്നത് കാരണം നാട്ടുകാർ ഭീതിയിലാണ്.
ഞായാറാഴ്ചകളിൽ എത്തുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇവിടെ ഇല്ല. അപകടകരമായ ഇത്തരം കുളികളും , മുന്നറിയിപ്പ് നൽകുന്നവരെ കൈയേറ്റം ചെയ്യുന്ന പ്രവർത്തികളും പോലീസിനെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലന്ന് സ്ഥലം കൗൺസിലർ കൂളത്ത് അബ്ദുൽ അസീസ് പറയുന്നു. ഇതിന്റെ തൊട്ടടുത്ത പ്രദേശത്താണ് പുഴയിൽ ബോട്ട് ദുരന്തത്തെ തുടർന്ന് 22 പേരുടെ ജീവൻ നഷ്ടപ്പെട്ടത്.
കൂട്ടത്തോടെ ദൂരെ ദിക്കിൽ നിന്ന് എത്തി പാറകെട്ടുകൾ നിറഞ്ഞ ഇവിടെ അപകടകരമാം വിധം കുളിക്കുന്നത് നിയന്ത്രിച്ചില്ലങ്കിൽ വൻ ദുരന്തം വിളിച്ചോതുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!