യുവതി ഭര്‍തൃവീട്ടിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം വാഴക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും പുതാടമ്മല്‍ ആലിയുടെ മകളുമായ നജ്മുന്നീസയെ (32) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നജ്മയുടെ ഭര്‍ത്താവ് ചെറുവട്ടൂര്‍ നെരോത്ത് മുഹിയുദ്ദീനെ (42)യാണ് പോലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന്റെ ടെറസിന് മുകളില്‍ നജ്മുന്നിസ മരിച്ചുകിടക്കുന്നതായി ഭര്‍ത്താവ് മുഹിയുദ്ദീന് അയല്‍വാസികളെ അറിയിച്ചത്. അര്‍ധരാത്രിയോടെ ഇരുവരും തമ്മില്‍ ടെറസില്‍ വച്ച് വാക്കേറ്റമുണ്ടായതായി പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്ന നജ്മുന്നീസ ഭർത്താവിനെ നിരീക്ഷിക്കുന്നതിനായി വീടിന്റെ പിറകിൽ കോണി വച്ച് ടെറസിൽ കയറിയതെന്നാണ് നിഗമനം. അപ്രതീക്ഷിതമായി രാത്രിയിൽ വീടിന് മുകളിൽ ഭാര്യയെ കണ്ട മുഹിയുദ്ദീൻ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കുതർക്കവും മൽപിടുത്തവും ഉണ്ടാവുകയും ചെയ്തതായാണു കരുതുന്നത്.
മല്‍പ്പിടുത്തത്തിനിടെ മുഹിയുദ്ദീന് നജ്മുന്നിസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. റമസാന്‍ നോമ്പുകാലമായതിനാല്‍ പുലര്‍ച്ചെ എണീറ്റപ്പോള്‍, വീട്ടിലില്ലാത്ത ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ടെറസില്‍ റിങ് ചെയ്യുന്നതു കേട്ട് കയറിനോക്കിയപ്പോഴാണ് ഭാര്യ മരിച്ചുകിടക്കുന്നത് കണ്ടതെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മുഹിയുദ്ദീനെയും അയൽവാസികളായ 2 സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി ഞായറാഴ്ച പുലർച്ചെതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്പി എസ്.സുജിത് ദാസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡ്ഡി, എസ്ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
