പുതുവർഷപ്പുലരി പുഞ്ചിരിയുടേതാവാൻ അധികൃതരുടെ കരുതൽ; പരിശോധന ശക്തമാക്കി എക്സൈസ്, മോട്ടോർ വാഹന വകുപ്പ്
വള്ളിക്കുന്ന്: പുതുവൽസരാഘോഷം അതിരുവിടാതിരിക്കാൻ ജാഗ്രതയുമായി മോട്ടോർ വാഹന, എക്സൈസ് വകുപ്പുകൾ. മദ്യവും ലഹരി ഉല്പന്നങ്ങളും ഉപയോഗിച്ച് വാഹനമോടിക്കുന്നത് കണിശമായി തടയുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം.
മുൻവർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവൽസരപ്പുലരിയിൽ നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ രക്തവും കണ്ണീരും ബാക്കിപത്രങ്ങളാക്കുന്ന ആഘോഷാഭാസങ്ങൾക്ക് വിലങ്ങിടാനൊരുങ്ങിയുള്ള അധികൃതരുടെ നീക്കത്തിന് ഏറെ ജനപിന്തുണ ലഭിക്കുന്നുണ്ട്.
വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, തേഞ്ഞിപ്പലം, വേങ്ങര, പരപ്പനങ്ങാടി കൊളപ്പുറം, പൂക്കിപറമ്പ് തുടങ്ങി, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും പ്രധാന ടൗണുകൾ, ബസ്റ്റാൻഡുകൾ, എന്നിവ കേന്ദ്രീകരിച്ചുമാണ് പരിശോധന. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്, മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം, തിരൂരങ്ങാടി എക്സൈസ് സർക്കിൾ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും, മലപ്പുറം ആർ.ടി.ഒ യുടെയും നിർദ്ദേശത്തെ തുടർന്ന് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എം.പി. അബ്ദുൽ സുബൈർ, എൻഫോഴ്സ്മെന്റ് എം.വി.ഐ.പി.കെ.മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, ടി. മുസ്തജാബ് എക്സൈസ് പ്രവന്റീവ് ഓഫീർ ടി.പി. ജ്യോതിഷ്, സിവിൽ എക്സൈസ് ഓഫീസർ ടി. യൂസഫ്, ഡ്രൈവർമാരായ സി.എം അഭിലാഷ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധയോടൊപ്പം തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങളും റോഡ് സുരക്ഷാനിർദ്ദേശങ്ങളും അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
