NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

x ray gold

കരിപ്പൂരിൽ പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. 1.5 കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോയിലധികം സ്വര്‍ണ്ണ മിശ്രിതമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ ഇന്ന് പുലര്‍ച്ചെ 1.30 മണിക്ക് എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാം (40) എന്നയാളില്‍ നിന്നാണ് പോലീസ് 2.791 കിലോ സ്വർണം പിടികൂടിയത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം, പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളിലൊളിപ്പിച്ച് അരയില്‍ കെട്ടിവെച്ച രൂപത്തിലും, മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വര്‍ണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ദുസലാം കടത്താൻ ശ്രമിച്ചത്.

774 ഗ്രാം ശരീരത്തിനകത്തും 2018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി.

എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റൈനില്‍ വെച്ച് കള്ളകടത്ത് മാഫിയ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചെങ്കിലും സിറോ പോയിന്‍റില്‍ വെച്ച് പോലീസ് കാര്‍ തടഞ്ഞു അബ്ദു സലാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്‍റെ പക്കല്‍ സ്വര്‍ണ്ണമില്ലെന്ന നിലപാടില്‍ അബ്ദുസലാം ഉറച്ചു നിന്നു.

എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ എടുത്തതില്‍ പിന്നെ അബ്ദു സലാമിന് പോലീസിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അബ്ദുസലാമിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 30 കേസുകളില്‍ നിന്നായി 14 കോടി രൂപ വില വരുന്ന 28 കിലോ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *