NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണ് നിലവില്‍ വ്യാപാരം തുടരുന്നത്.

മെയ് മാസം ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയിരുന്നു. സെന്‍സെക്സ് 550 പോയിന്റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപയെ കൂപ്പുകുത്തിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തി നില്‍ക്കുകയാണ്.

ഈ വര്‍ഷം 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുള്ളത്.്. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെ ഇതോടെ മറികടന്നു. ഡോളറിന്റെ കരുതല്‍ ശേഖരത്തില്‍ ഇതു മൂലം വലിയ കുറവുണ്ടായി. കരുതല്‍ ശേഖരം 600 ബില്യണ്‍ ഡോളറിനു താഴ എത്തി. കഴിഞ്ഞ വര്‍ഷം ജൂണിനു ശേഷം കരുതല്‍ ശേഖരം ഇത്രയും കുറയുന്നത് ആദ്യമായാണ്.

വര്‍ദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറന്‍സിയെ ബാധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല.

റഷ്യ – ഉക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം സാമ്പത്തിക ഘടനയെ പിടിച്ചുലച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള പിന്‍വലിക്കല്‍ രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് വലിച്ചിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *