രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു, ഒമൈക്രോണ്‍ ബാധിതര്‍ 961 ആയി
രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 961 ഒമൈക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥരീകരിച്ചത്. 320 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന രേഖപ്പെടുത്തിയട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ 45 ശതമാനമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
ഒമൈക്രോണ്‍ രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഡല്‍ഹിയിലാണ്. 263 കേസുകളാണ് ഡല്‍ഹിയില്‍ ഉള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് മഹാരാഷ്ടയാണ്. 253 കേസുകളാണ് ഉളളത്. കോവിഡ് വ്യാപനത്തിലും മഹാരാഷ്ട്ര മുന്നിലാണ്. മുംബൈയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചട്ടുണ്ട്. ഗുജറാത്തും, രാജസ്ഥാനും ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്താണ്. പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ രാത്രികാല നിയന്തണങ്ങള്‍ നിലവില്‍ വരും.
കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയട്ടുണ്ട്. മുംബൈ, കല്‍ക്കത്ത ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ അതിവേഗമാണ് കൂടുന്നത്. ഇത് വരെ 22 സംസ്ഥാനങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇത് ആശങ്ക വര്‍ദ്ധിപ്പിച്ചട്ടുണ്ട്.
അതേസമയം ഒമൈക്രോണ്‍ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ്. രണ്ട് വകഭേദങ്ങളും കാരണം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ പ്രതിസന്ധിയില്‍ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമൈക്രോണ്‍ വകഭേദം വാക്സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.
