ബാങ്കിൽ നിന്നും പണം പിൻവലിച്ചിറങ്ങിയ ഗൂഡല്ലൂർ സ്വദേശികളെ ആക്രമിച്ച് ആറ് ലക്ഷം രൂപ കവരാൻ ശ്രമം; മൂന്നംഗ സംഘത്തെ സാഹസികമായി നേരിട്ട് നാട്ടുകാർ; പ്രതികൾ പൊലീസ് കസ്റ്റഡിയിൽ..!
പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് ബാങ്കിൽ നിന്നും വൻതുക പിൻവലിച്ച് പുറത്തിറങ്ങിയവരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ പിടികൂടി. അങ്ങാടിപ്പുറം എസ്.ബി.ഐ ശാഖയിൽ നിന്നും ആറ് ലക്ഷം രൂപ പിൻവലിച്ച് പുറത്തിറങ്ങിയ ഗൂഡല്ലൂർ സ്വദേശികളെയാണ് സംഘം ആക്രമിച്ച് പണം കവരാൻ ശ്രമിച്ചത്.
ഗൂഡല്ലൂർ സ്വദേശികൾ ബാങ്കിൽ നിന്നും പണവുമായി പുറത്തിറങ്ങിയ ഉടൻ തന്നെ ഇവരെ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സാഹസികമായി ഇടപെടുകയും അക്രമി സംഘത്തെ തടഞ്ഞുവെക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നത് ഇവർ നേരത്തെ നിരീക്ഷിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ്.
