NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചീഞ്ഞ മീൻ വിറ്റെന്നു ആരോപിച്ച് കയ്യാങ്കളിയും സംഘർഷവും; രംഗം ശാന്തമാക്കിയത് പോലീസ്; ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത കച്ചവടത്തിനെതിരെ വ്യാപക പ്രതിഷേധം..!

ചെമ്മാട് ടൗണിൽ ചീഞ്ഞ മീൻ നൽകിയെന്ന് ആരോപിച്ച് ഉപഭോക്താവും കച്ചവടക്കാരും തമ്മിൽ സംഘട്ടനം. ഇന്നലെ രാത്രി ചെമ്മാട് ടൗണിൽ കോഴിക്കോട് റോഡ് ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

തലേദിവസം മീൻ വാങ്ങിയ ചെമ്മാട് സ്വദേശിയായ ടൂവീലർ മെക്കാനിക്കിന് കടയിൽ നിന്ന് ചീഞ്ഞ മീനാണ് നൽകിയെന്നാരോപിച്ച് തർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് മീൻ വാങ്ങാനെത്തിയവരും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.

സംഘട്ടനത്തെ തുടർന്ന് കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. വിവരമറിഞ്ഞ് പൊലീസെത്തിയാണ് രംഗം ശാന്തമാക്കുകയും ഇരുവിഭാഗത്തെയും ഒഴിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തത്.

ചെമ്മാട് ജംഗ്ഷനിലെ റോഡരികിലുള്ള മീൻ കച്ചവടം വാഹനങ്ങൾക്കും ആംബുലൻസുകൾക്കും ഉൾപ്പെടെ വലിയ ഗതാഗത തടസ്സമാണ് സൃഷ്ടിക്കുന്നത്.

കച്ചവടക്കാർ റോഡിലേക്ക് ഇറക്കി വാഹനങ്ങൾ നിർത്തുന്നതും, മീൻ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ റോഡരികിൽ തോന്നിയപടി പാർക്ക് ചെയ്യുന്നതുമാണ് പ്രധാന തടസ്സത്തിന് കാരണം. കൂടാതെ, മീൻ കഴുകുന്ന വെള്ളം റോഡിലേക്ക് തന്നെ ഒഴുക്കിവിടുന്നത് പ്രദേശത്ത് കടുത്ത ദുർഗന്ധത്തിനും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടിനും കാരണമാകുന്നുണ്ട്.

വിലക്കുറവ് ലഭിക്കുമെന്ന ധാരണയിലാണ് രാത്രികാലങ്ങളിൽ ആളുകൾ ഇവിടേക്ക് മീൻ വാങ്ങാനായി എത്താറുള്ളത്. എന്നാൽ ഇതിന്റെ മറവിൽ പലപ്പോഴും ചീഞ്ഞ മീനുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്.

ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം അനിയന്ത്രിത കച്ചവടങ്ങൾക്കെതിരെ പോലീസും, ആരോഗ്യവകുപ്പും, നഗരസഭാ അധികാരികളും കർശനമായ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കണമെന്ന ശക്തമായ ആവശ്യമാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!