കരിപ്പൂർ – കൊച്ചി – തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിക്കാൻ നീക്കം; ഇൻഡിഗോ ഉദ്യോഗസ്ഥർ സർക്കാരുമായി ചർച്ച നടത്തി..!
നീണ്ട ഇടവേളയ്ക്ക് ശേഷം കരിപ്പൂരിനെയും കൊച്ചിയെയും സംസ്ഥാന തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗതയേറുന്നു. സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇൻഡിഗോ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി വി.ഡി.സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി.
കരിപ്പൂർ– കൊച്ചി– തിരുവനന്തപുരം സെക്ടറിൽ നേരത്തേ ഉണ്ടായിരുന്ന സർവീസ് പിന്നീട് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ സർവീസ് പുനരാരംഭിക്കണമെന്നത് മലബാറിലെ വ്യവസായ സമൂഹം ഉൾപ്പെടെയുള്ളവരുടെ ഏറെ നാളത്തെ ആവശ്യമാണ്.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് വി.ഡി.സതീശൻ നൽകിയ ഉറപ്പിന്റെയും, യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ശക്തമായ ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. പുതിയ സർവീസ് നിലവിൽ വരുന്നതോടെ മലബാറിലെയും കൊച്ചിയിലെയും വ്യവസായികൾക്കും സംരംഭകർക്കും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും തലസ്ഥാന നഗരിയിലേക്കുള്ള യാത്ര ഏറെ എളുപ്പമാകും.
വ്യവസായ കേന്ദ്രങ്ങൾ, ഐടി സ്ഥാപനങ്ങൾ, വാണിജ്യ മേഖലകൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധവും ഇതുവഴി കൂടുതൽ ശക്തമാകും. കേരളത്തിന്റെ വടക്കൻ, മധ്യ, തെക്കൻ മേഖലകളെ വിമാനമാർഗം നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ യാത്രാ-വ്യവസായ മേഖലകളിൽ പുതിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്.
