NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മക്ക ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണശ്രമം; സൗദി പ്രതിരോധ സേന തകർത്തു

വിശുദ്ധ മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി റോയൽ വ്യോമ പ്രതിരോധ സേന തടഞ്ഞ് തകർത്തു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനയുടെ സംയുക്ത സേന കമാൻഡ് അറിയിച്ചു.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50ഓടെ മക്ക നഗരത്തിന്റെ തെക്കൻ ഭാഗത്താണ് ഡ്രോൺ പ്രതിരോധ സേന തകർത്തതെന്ന് സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും അൽ-മാലികി വ്യക്തമാക്കി. 2017 ജൂലൈ 27ന് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്ക ലക്ഷ്യമിട്ടിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന ഗുരുതരമായ നടപടിയാണ് ഹൂതികളുടെ പുതിയ നീക്കമെന്ന് അൽ-മാലികി പറഞ്ഞു.

രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതി മിലിഷ്യയുടെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സഖ്യസേന മടിക്കില്ലെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.

അതേസമയം ഹൂതി വിമതർ ആക്രമണ ശ്രമം നിഷേധിച്ചു. മക്ക ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നറിയിപ്പുമായി അമേരിക്ക. ഹൂതികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് സൗദിയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!