കോളജ് അഡ്മിഷന് കാൽ ലക്ഷം മുതൽ അരലക്ഷം വരെ വാങ്ങിയതായി പരാതി; ലീഗ് ഇടപെട്ട് പ്രവേശനം നിർത്തിവെപ്പിച്ചു; യൂത്ത് ലീഗ് മാർച്ച് മാറ്റിവെച്ചു..!
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ജനറൽ സെക്രട്ടറിയായ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിൽ പ്ലസ് വൺ, ബിരുദ പ്രവേശനത്തിന് കോഴ വാങ്ങുന്നതായി ഗുരുതര ആരോപണം. വിദ്യാർത്ഥികളിൽ നിന്ന് 25,000 രൂപ മുതൽ അരലക്ഷം രൂപ വരെ അഡ്മിഷൻ കോഴയായി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലീഗ് മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളജിലേക്ക് സ്വന്തം പോഷക സംഘടനയായ യൂത്ത് ലീഗ് തന്നെ പരസ്യമായി മാർച്ച് പ്രഖ്യാപിച്ചത് ഭരണസമിതിയെയും പാർട്ടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കി. സംഭവം വിവാദമായതോടെ മുസ്ലിം ലീഗ് നേതൃത്വം അടിയന്തരമായി ഇടപെടുകയായിരുന്നു.
മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി നേതാക്കൾ കോളജ് മാനേജ്മെന്റുമായി ദീർഘനേരം ചർച്ച നടത്തി.
പരാതികളെക്കുറിച്ച് അന്വേഷിക്കാമെന്നും തർക്കങ്ങൾ പരിഹരിക്കാമെന്നും മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്ന് കോളജിലെ നിലവിലുള്ള അഡ്മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു. മാനേജ്മെന്റ് ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ പരസ്യ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ലീഗ് മണ്ഡലം കമ്മിറ്റി യൂത്ത് ലീഗിന് നിർദ്ദേശം നൽകി.
അതേസമയം, കോഴ വാങ്ങിയാണ് അഡ്മിഷൻ നടപടികൾ തുടരുന്നതെങ്കിൽ ശക്തമായ തടസ്സപ്പെടുത്തൽ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
