വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി; കാണാതായത് കഴിഞ്ഞ 9 ന്, കണ്ടെത്തിയത് കർണാടകയിൽ നിന്ന്
പാലക്കാട് : ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ മൈസൂരൂ ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്. തെരച്ചിലിനായി ബാബു ഭാസ്കറിൻ്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു.
വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട ഇവരുടെ പിക്കപ്പ് ജീപ്പ് അന്വേഷണത്തിൽ നിർണായകമായിരുന്നു. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആ വാഹനമാണ് പിന്നീട് വഴിക്കടവ് ചുരത്തിൽ നിന്ന് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുംബം കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചിരിക്കുന്നത്.
