NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആധാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തില്‍; നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യം

 

കേരളത്തില്‍ ആധാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ ഐ.ടി. മിഷന്‍, കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ (0 -5 വയസ്സ്)

നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്ണുകളുടെ തിരിച്ചറിയല്‍ രേഖ എന്നിവ) ശേഖരിക്കില്ല. പകരം മാതാപിതാക്കളില്‍ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ ഈ സേവനം ലഭ്യമാകും. വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

2. നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ (സെപ്റ്റംബര്‍ 2026 വരെ 2. നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ (സെപ്റ്റംബര്‍ 2026 വരെ സൗജന്യം)

കുട്ടികള്‍ക്ക് 5 വയസ്സിലും 15 വയസ്സിലും നിര്‍ബന്ധമായും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ പുതുക്കല്‍ സെപ്റ്റംബര്‍ 2026 വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും തികച്ചും സൗജന്യമായിരിക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് അഡ്മിഷനുകള്‍ എന്നിവയ്ക്കും ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ആധാര്‍ കൃത്യമായി പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ., കീം തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

3. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യല്‍

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി.വഴി മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ആധാര്‍ സേവനങ്ങള്‍ എവിടെ ലഭിക്കും?

പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.

5. പരാതി പരിഹാരം

ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:

സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ) / 04712335523

കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ സെല്‍): 0471-2525442

ഇ-മെയില്‍ വിലാസം: uidhelpdesk@kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!