അപൂർവ ബാലൻസിംഗ് മികവ് : പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ മൂന്നര വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
പരപ്പനങ്ങാടി : അപൂർവ ബാലൻസിംഗ് മികവിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മലപ്പുറത്തിന്റെ അഭിമാനമായി മാറി പാലത്തിങ്ങൽ സ്വദേശിയായ മൂന്നര വയസ്സുകാരി റിസ ഐറിൻ ബിൻത് ആഷിഖ്.
കാൽവിരലുകളുടെ മടക്കുകളിൽ (Knuckles of her toes) ഊന്നിനിന്നുകൊണ്ട് കേവലം ഒരു മിനിറ്റും എട്ട് സെക്കൻഡും കൊണ്ട് 123 ചുവടുകൾ മുന്നോട്ടും പിന്നോട്ടും നടന്നുതീർത്താണ് ഈ കൊച്ചുമിടുക്കി ‘ഐ.ബി.ആർ അച്ചീവർ’ പദവിക്ക് അർഹയായത്.
വെറും മൂന്ന് വയസ്സും ഒമ്പത് മാസവും മാത്രം പ്രായമുള്ളപ്പോൾ റിസ പ്രകടിപ്പിച്ച ഈ അസാധ്യമായ ശാരീരിക വഴക്കവും പ്രകടനവും കഴിഞ്ഞ മാർച്ച് 11-നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ച് മെഡലും സർട്ടിഫിക്കറ്റും സമ്മാനിച്ചത്.
പാലത്തിങ്ങൽ കൊട്ടന്തലയിലെ ആഷിഖ്-റുഫ്സാന ദമ്പതികളുടെ മകളും ചാലിയം എഫ്.ജി. പ്രീ-സ്കൂളിലെ ഒന്നാം വർഷ പ്രീ-കെ.ജി. വിദ്യാർത്ഥിനിയുമായ റിസ ഐറിനെ തേടി ചെറിയ പ്രായത്തിലെ ഈ കഠിന നേട്ടത്തിന് നാടിന്റെ വിവിധ കോണുകളിൽനിന്നും വലിയ രീതിയിലുള്ള പ്രശംസകളാണ് ഇപ്പോൾ ലഭിക്കുന്നത്.
