NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; പ്രത്യേക നിരീക്ഷണത്തിലായിരുന്ന യുവതി ചാടിപ്പോയി; പോലീസിന്റെ സഹായത്തോടെ തിരച്ചിൽ ഊർജ്ജിതം..!

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ വീണ്ടും തുറന്നുകാട്ടിക്കൊണ്ട് അന്തേവാസി ചാടിപ്പോയി. ഫോറൻസിക് വാർഡിനോട് ചേർന്നുള്ള പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുറ്റിപ്പുറം സ്വദേശിനിയായ സ്ത്രീയെയാണ് കാണാതായത്.

അതീവ സുരക്ഷ ഉറപ്പാക്കേണ്ട വാർഡിൽ നിന്നാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവർ കടന്നുകളഞ്ഞത്.മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസിന്റെ പ്രത്യേക അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിലൂടെയാണ് ഇവരെ നിരീക്ഷണത്തിനായി കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 19 മുതൽ ഇവർ ഈ കേന്ദ്രത്തിൽ കർശന നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്നു. ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്താണ് ഇവർ വാർഡിൽ നിന്നും പുറത്തുചാടിയത്. ഇവരെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗികൾ മതിൽ ചാടിയും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചും കടന്നുകളയുന്നത് ഇതാദ്യമായല്ല. മുൻപും സമാനമായ രീതിയിൽ നിരവധി അന്തേവാസികൾ ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കുറവിലേക്കും നിരീക്ഷണ സംവിധാനങ്ങളിലെ കനത്ത വീഴ്ചയിലേക്കുമാണ്.

ആശുപത്രി അധികൃതരുടെ പരാതിയിൽ കേസെടുത്ത പോലീസ് വിപുലമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. ഇവർ സ്വന്തം നാടായ കുറ്റിപ്പുറം ഭാഗത്തേക്ക് ട്രെയിൻ മാർഗ്ഗമോ മറ്റ് വാഹനങ്ങളിലോ പോയിട്ടുണ്ടോ എന്നറിയാൻ കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്.

റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെയും ആശുപത്രി കെട്ടിടത്തിനകത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം വിശദമായി പരിശോധിച്ച് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!