തേഞ്ഞിപ്പലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം: മാരകായുധങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ
തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി പരിസരത്ത് ലഹരിമരുന്ന് വിൽപനയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പരിശോധനയ്ക്കിടയിൽ വൻ ലഹരിശേഖരവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിലായി.
കൊണ്ടോട്ടി തുറക്കൽ സ്വദേശി ജസീം (24), മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊണ്ടോട്ടി എ.എസ്.പി. കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എം.എസ് സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ, കഞ്ചാവ് എന്നിവയും മാരകായുധങ്ങളും കണ്ടെടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
