NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

 

വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് സൂചന.

ആഭ്യന്തരത്തിനു പുറമേ വിജിലന്‍സ് വകുപ്പും ചെന്നിത്തലയ്ക്ക് കിട്ടാനാണ് സാധ്യത. ഇന്ന് ഹൈക്കമാന്‍ഡിന് കെപിസിസി അധ്യക്ഷന്‍ കൊടുക്കുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ പേര് ഉണ്ടാകുമെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്.

 

മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കുണ്ടറയില്‍നിന്ന് ജയിച്ച പി.സി. വിഷ്ണുനാഥ്, കായംകുളത്ത് നിന്ന് ജയിച്ച എം. ലിജു എന്നിവരുടെ പേരുകളിലാണ് ധാരണയായിട്ടുള്ളത്. ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മന്‍, എ പി അനില്‍ കുമാര്‍, എന്നിവര്‍ക്കും മന്ത്രിസ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നു.

സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചര്‍ച്ച പുരോഗമിക്കുന്നത്. കൊല്ലം ജില്ലയില്‍നിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചു.

ചാണ്ടി ഉമ്മന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയതോടെ അദ്ദേഹത്തെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന പടര്‍ന്നു. മാണി സി. കാപ്പനേയും പരിഗണിക്കുന്നതായാണ് സൂചന. ഒറ്റകക്ഷി എംഎല്‍എമാരില്‍ സി.പി ജോണിന് അഞ്ച് വര്‍ഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവര്‍ഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

നേരത്തേ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി.സതീശന്‍ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു.

 

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സതീശന്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ജ്യോതികുമാര്‍ ചാമക്കാല അടക്കം നാല് പേരുടെ പേരുകളാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്.

 

വളരെ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മന്ത്രി അല്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനമായിരിക്കും ലഭിക്കുക. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed