പാലത്തിങ്ങൽ മഹല്ലിന്റെ ‘വിഷൻ 2035’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
പരപ്പനങ്ങാടി : പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി വിദ്യാർഥികളിൽ ഉന്നത ലക്ഷ്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദീർഘകാല വിദ്യാഭ്യാസ പദ്ധതിയായ ‘വിഷൻ 2035’-ന്റെ ഉദ്ഘാടനം പി.എം.എ. സമീർ എം.എൽ.എ നിർവ്വഹിച്ചു.
എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി മൂന്ന് വർഷം നീണ്ടുനിൽക്കുന്ന മെന്റർഷിപ്പ് പ്രോഗ്രാമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത 50 വിദ്യാർഥികൾക്ക് കൃത്യമായ ദിശയും കരുത്തും പകർന്നുനൽകി അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിന് ഉസ്താദ് അഹമ്മദ് കുട്ടി ബാഖവി, കരീം ഹാജി, ഡോ. ഹാറൂൺ റഷീദ്, സി.ടി. നാസർ, പി.വി. ഹാഫിസ്, സി. അബൂബക്കർ, അസീസ് കുന്നുമ്മൽ, എം. അഹമ്മദലി, അഡ്വ. കെ.കെ. സൈതലവി, സുഹൈൽ വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
“സ്വപ്നങ്ങൾക്ക് ചിറകേകാം… വിജയത്തിലേക്കുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു” എന്ന സന്ദേശമുയർത്തി തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ പരിശീലകൻ ഇ. ഷറഫുദ്ദീൻ വിദ്യാർഥികൾക്കായി ആദ്യ പരിശീലന ക്ലാസ് നയിച്ചു.
