NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് നൽകി. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

 

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ് 3 ദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. ആകെ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ തിരിച്ചും പൂർണമായി നൽകിയിട്ടില്ല. ചില ജില്ലകളിൽ ഈ വിവരം ഇൻഫർമേഷൻ വകുപ്പ് വഴി പ്രസിദ്ധീകരിച്ചെങ്കിലും പൂർണമല്ലെന്നാണു സൂചന. കൂടാതെ വീടുകളിൽ വോട്ട് ചെയ്തവർ, തപാൽവോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥർ, അവശ്യസേവന വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടില്ല.

 

സംസ്ഥാനത്ത് 78.27% പോളിങ് നടന്നതായാണു കമ്മിഷൻ അറിയിച്ചത്. അത് ഇനിയും മാറാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്പിലും പോർട്ടലിലും മണ്ഡലങ്ങൾ തിരിച്ചുള്ള ശതമാനക്കണക്കു നൽകിയിട്ടുണ്ടെങ്കിലും ഇതിലും വീടുകളിൽ വോട്ട് ചെയ്തവരുടെയും തപാൽ, സർവീസ് വോട്ടുകളുടെയും വിവരങ്ങൾ ചേർത്തിട്ടില്ല.

വോട്ടെടുപ്പു ദിനത്തിൽ 2 മണിക്കൂർ ഇടവിട്ട് വിവരങ്ങൾ കൈമാറാൻ ഓരോ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫിസർമാർക്കു പിആർ ആപ് സജ്ജമാക്കിയിരുന്നു. ഇതിലെ അന്തിമ സ്റ്റേറ്റസ് ആണ് ഇതുവരെ പുറത്തുവന്നത്. പോളിങ് ദിന നടപടികൾ പൂർത്തിയായ ശേഷം പ്രിസൈഡിങ് ഓഫിസർമാർ ഡയറി സ്റ്റേറ്റ്മെന്റ് നൽകുന്നതിലാണ് യഥാർഥ വോട്ടുകണക്കുള്ളത്.

പോളിങ് സാധനങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ തിരികെ ഏൽപിക്കുമ്പോൾ ഇതു കൈമാറും. തുടർന്ന് ഇവയും പോർട്ടലിൽ നൽകിയ വിവരങ്ങളും റിട്ടേണിങ് ഓഫിസർമാരും ഒബ്സർവർമാരും അടങ്ങിയ സംഘം പരിശോധിച്ച് ഉറപ്പാക്കി തപാൽ വോട്ടുകൾ, വീട്ടിലെ വോട്ടുകൾ തുടങ്ങിയവയും ചേർത്താണ് അന്തിമകണക്ക് പുറത്തുവരിക. ഇതു ജില്ലകളിൽനിന്നു സിഇഒ ഓഫിസിനും തുടർന്നു കമ്മിഷനും ലഭിച്ചെങ്കിലും പോളിങ് ശതമാനത്തിന്റെ പ്രഖ്യാപനം വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!