വിവാദങ്ങൾക്കും പോർവിളികൾക്കും വിരാമം; ഇനി നിശബ്ദ പ്രചാരണം, മറ്റന്നാൾ ജനവിധി
നാളുകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇനി നിശബ്ദ പ്രചാരണത്തിന്റെ വഴിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മലപ്പുറം ജില്ലയിലെ നഗരവീഥികളെ ആവേശക്കടലാക്കി മാറ്റി.
മലപ്പുറം ജില്ലയിലെ പ്രധാന ടൗണുകളെല്ലാം രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ കൊണ്ടും വാദ്യമേളങ്ങൾ കൊണ്ടും നിറഞ്ഞു. കടുത്ത വിവാദങ്ങളും വെല്ലുവിളികളും നിറഞ്ഞ പ്രചാരണങ്ങൾക്കൊടുവിൽ ഇനി ജനവിധിക്കായുള്ള കാത്തിരിപ്പാണ്. മറ്റന്നാൾ (ഏപ്രിൽ 9) വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും.
ആവേശകരമായ സമാപനത്തിനിടയിലും മലപ്പുറം നഗരത്തിലും കൊണ്ടോട്ടിയിലും നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. മലപ്പുറം നഗരത്തിൽ മുന്നണി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും കയ്യാങ്കളിയുമുണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ പോലീസ് ഇടപെടുകയും ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ മാറ്റി രംഗം ശാന്തമാക്കിയത്.
കൊണ്ടോട്ടി നഗരത്തിലും സമാനമായ രീതിയിൽ യു.ഡി.എഫ് – എൽ.ഡി.എഫ് പ്രവർത്തകർ നേർക്കുനേർ വന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നഗരത്തിൽ പോലീസിന്റെ ശക്തമായ ഇടപെടൽ വലിയ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.
കൊട്ടിക്കലാശത്തിന് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ പ്രവർത്തകരെ നഗരങ്ങളിൽ നിന്നും നീക്കം ചെയ്തു.
പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ റാലികളോ പാടില്ല. നിശബ്ദ പ്രചാരണത്തിന്റെ ഘട്ടത്തിൽ വീടുകൾ നേരിട്ട് സന്ദർശിച്ച് വോട്ട് ഉറപ്പിക്കാനാണ് മുന്നണികളുടെ നീക്കം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലയിലുടനീളം നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
