എ പ്ലസ് കിട്ടിയ കുട്ടികളെ പരസ്യമായി വിചാരണ ചെയ്തു; ഹിന്ദിയിൽ അഡ്രസ് എഴുതിച്ചും ചെവിയിൽ നുള്ളി; മുൻമന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു..!
മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വെച്ച് കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരം അറിയില്ലേ” എന്ന് ചോദിക്കുന്നതും, മേൽവിലാസം തെറ്റിച്ചെഴുതി എന്നപേരിൽ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ സ്വമേധയാ നടപടിയെടുത്തത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യവേയായിരുന്നു വിവാദ സംഭവം. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെടുകയും ഇതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ, “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു.
മികച്ച വിജയം നേടി അനുമോദനം ഏറ്റുവാങ്ങാനെത്തിയ കുട്ടികളോട് മുൻമന്ത്രി നടത്തിയ ഈ പെരുമാറ്റം വലിയ രീതിയിലുള്ള മാനസിക വിഷമത്തിന് കാരണമാക്കിയെന്നാണ് ആരോപണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ കമ്മീഷൻ നഗരസഭയോടും ബന്ധപ്പെട്ട അധികൃതരോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
